Saturday, February 16, 2013

തെറ്റിദ്ധാരണ പരത്തുന്നു പത്രം

ഈയിടെ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണു് ഇതു്: http://www.mathrubhumi.com/ernakulam/news/2042507-local_news-Ernakulam-%E0%B4%95%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D.html നോക്കൂ. വാര്‍ത്തയില്‍ പറയുന്നു സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ആധാര്‍ രജീസ്റ്റ്രേഷന്‍ നടത്തിയതുകൊണ്ടു് അക്ഷരത്തെറ്റുകള്‍ വരികയും ജനങ്ങള്‍ വലയുകയും ചെയ്യുന്നു എന്നു്. ഇത്തരം കാര്യങ്ങളെപ്പറ്റി അറിയാവുന്നവര്‍ക്കു് നല്ലവണ്ണം നിശ്ചയമുള്ള കാര്യമാണു് യൂണിക്കോഡ് മലയാളം ആദ്യമായി ലഭ്യമാക്കിയതു് ഗ്നു ലിനക്സിലാണെന്നും കേരളത്തിലെ എല്ലാ സ്ക്കൂളുകളിലെയും കുട്ടികളും അതുപയോഗിച്ചു് മലയാളത്തില്‍ എഴുതുകയും പഠിക്കുകയും ചെയ്തതാണെന്നും. എന്തിനു്, മൈക്രോസോഫ്റ്റിനെ ഒഴിവാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമുപയോഗിച്ചു് സ്ക്കൂള്‍ വിദ്യാഭ്യാസം നടപ്പിലാക്കിയതിനു് കേരളം അന്താരാഷ്ട്ര പ്രശസ്തി നേടിയതുമാണു്. ഇതൊന്നും മാതൃഭൂമി അറിഞ്ഞില്ല എന്നു തോന്നുന്നു. അവര്‍ ്ക്കാലത്തെല്ലാം മൈക്രോസോഫ്റ്റിന്റെ നാട്ടിലായിരുന്നോ എന്തോ. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊ അദ്ധ്യാപകര്‍ക്കൊ തെറ്റുകൂടാതെ ഉപയോഗിക്കാന്‍ കഴിഞ്ഞ സോഫ്റ്റ്‌വെയര്‍ ആധാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചപ്പോള്‍ എങ്ങനെ പിശകായിപ്പോയി എന്നുപോലും മാതൃഭൂമി ആലോചിച്ചില്ല എന്നു തോന്നുന്നു. മാതൃഭൂമിയുടെ വെബ്സൈറ്റില്‍ വാര്‍ത്തയില്‍ ഒരു കമന്റ് എഴുതാന്‍ പോലും സൌകര്യമില്ലാത്തതിലാല്‍ എനിക്കു പറയാനുള്ളതു് എന്റെ ബ്ലോഗില്‍ എഴുതുന്നു:

മാതൃഭൂമി പോലെ പാരമ്പര്യമുള്ള ഒരു പത്രം ഇത്ര വലിയ മണ്ടത്തരം എഴുതുന്നതു് വലിയ കഷ്ടമാണു്. ഏതോ വിവരമില്ലാത്ത "സാങ്കേതിക വിദഗ്ദ്ധന്‍" പറഞ്ഞതാവാം ലേഖകന്‍ എഴുതിവിട്ടതു്. എങ്കിലും അതു് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ലേഖകനുണ്ടായിരുന്നില്ലേ? കേരളത്തില്‍ സ്വതന്ത്രസോഫ്റ്റ്‌വെയറായ ഗ്നു ലിനക്സ് നടപ്പാക്കി ബഹുരാഷ്ട്രകുത്തകകളില്‍നിന്നു് സ്വാതന്ത്ര്യം നേടിയതു് രാഷ്ട്രാന്തരീയ പ്രശസ്തി നേടിയതാണു്. ഭാരതീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയായിരുന്ന മാതൃഭൂമി ഇതൊന്നും അറിയാത്തതല്ലല്ലൊ? വിന്‍ഡോസില്‍ മലയാളം ലഭ്യമാകുന്നതിനു് മുമ്പുതന്നെ ഗ്നു ലിനക്സില്‍ മലയാളം യൂണിക്കോഡ് ലഭ്യമായതാണു് എന്നുമാത്രമല്ല, ഇന്നു് കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാനുള്ള പല ടൂളുകളും നിര്‍മ്മിച്ചതു് ഇവിടത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരാണുതാനും. ഇതെല്ലാം മനസിലാക്കിക്കൊണ്ടു് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ഒരുമ്പെട്ടതു് എന്തുകൊണ്ടാണെന്നു് മനസിലാകുന്നില്ല. അതോ ഇനി മേക്രോസോഫ്റ്റിനെ ഇവിടെ വീണ്ടും കുടിയിരുത്തുന്നതിനു് മാതൃഭൂമി കരാറെടുത്തിട്ടുണ്ടോ? എന്തായാലും വിശ്വസിക്കാനാവുന്നില്ല.

1 comment:

deeps said...

life is like that...