(തേജസ് പത്രത്തിനുവേണ്ടി രചിച്ചു് 2011 ജൂലൈ 19നു് അയച്ചതു്)
സ്വതന്ത്രമായി ആശയങ്ങള്‍ വിനിമയം ചെയ്യാനുള്ള മാധ്യമമായി ഇന്റര്‍നെറ്റിനെ കാണാറുണ്ടു്. ചര്‍ച്ചാസംഘങ്ങള്‍ (discussion groups), ബ്ലോഗുകള്‍ തുടങ്ങി നിയന്ത്രണങ്ങളില്ലാതെ ആര്‍ക്കും ഉപയോഗിക്കാവുന്ന സൌകര്യങ്ങള്‍ പണം കൊടുക്കാതെതന്നെ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണു്. പത്രമാസികകള്‍, റേഡിയൊ, ടെലിവിഷന്‍ തുടങ്ങിയവയില്‍നിന്നു് വ്യത്യസ്തമായി ഇന്റര്‍നെറ്റിലൂടെ സ്വന്തം ആശയങ്ങള്‍ പ്രകാശിപ്പിക്കുന്നതിനു് ആരുടെയും അനുമതി ആവശ്യമില്ല. പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നതിനു പോലും ഇപ്പാള്‍ ഇന്റര്‍നെറ്റില്‍ സൌകര്യമുണ്ടു്. എന്നാല്‍ ഇന്റര്‍നെറ്റ് എന്ന ഈ പ്രതിഭാസം തികച്ചും സ്വതന്ത്രമാണോ? അല്ല എന്നതാണു് സത്യം. ഇന്റര്‍നെറ്റിനു് ആവശ്യമായ വിവരവിനിമയ ഘടകങ്ങള്‍ വലിയ കമ്പനികളാണു് സ്ഥാപിച്ചിരിക്കുന്നതു്. വെബ് സൈറ്റിനുള്ള വിലാസങ്ങള്‍ നല്‍കുന്നതും മറ്റു പല കാര്യങ്ങളും നിയന്ത്രിക്കുന്നതും കമ്പനികളാണു്. കേന്ദ്രീകൃതമായ ഈ സംവിധാനത്തെ സ്വാധീനിക്കാന്‍ സര്‍ക്കാരുകള്‍ക്കു് എളുപ്പത്തിലാവും. അതുകൊണ്ടു് സര്‍ക്കാരുകള്‍ക്കു് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ ഇന്റര്‍നെറ്റില്‍ അധികകാലം നിലനില്‍ക്കില്ല. ഉദാഹരണമായി, സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇന്റര്‍നെറ്റ് സേവനദാതാക്കളായ കമ്പനികള്‍ തടയുന്നതു കാരണം ചൈനയിലുള്ളവര്‍ക്കു് അനേകം വെബ് സൈറ്റുകള്‍ കാണാനാവില്ല. വ്യക്തിസ്വാതന്ത്ര്യത്തിനു് അങ്ങേയറ്റത്തെ പ്രാധാന്യം കല്പിക്കുന്നു എന്നവകാശപ്പെടുന്ന അമേരിക്കന്‍ സര്‍ക്കാര്‍ പോലും ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടു്. തികച്ചും സ്വതന്ത്രമായ ഒരു ആശയവിനിമയ സംവിധാനം ഉണ്ടാകണമെങ്കില്‍ കമ്പനികളുടെയും സര്‍ക്കാരുകളുടെയും നിയന്ത്രണത്തില്‍നിന്നു് വിമുക്തമാകണം എന്നു് ചിലരെങ്കിലും പറഞ്ഞുതുടങ്ങിയിട്ടു് കുറച്ചു കാലമായി. ബദലായി ചില സംവിധാനങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. ഇപ്പോഴിതാ യുദ്ധത്തിന്റെ പിടിയിലകപ്പെട്ട അഫ്ഘാനിസ്ഥാനില്‍ ചിലര്‍ സ്വതന്ത്രമായ ഒരു കമ്പ്യൂട്ടര്‍ ശൃംഘല ഒരുക്കിയിരിക്കുന്നു. അതെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനു മുമ്പു് ഇന്റര്‍നെറ്റ് എങ്ങിനെ ഉണ്ടായി, അതു് എങ്ങനെ നടക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.
ലോസ് ആഞ്ചലസിലെയും കാലിഫോര്‍ണിയയിലെയും ഓരോ കമ്പ്യൂട്ടറുകള്‍ ബന്ധിപ്പിച്ചുകൊണ്ടു് 1969ലാണു് ഇന്റര്‍നെറ്റിന്റെ തുടക്കം എന്നു പറയാം. അമേരിക്കന്‍ പ്രതിരോധവകുപ്പിനുവേണ്ടിയുള്ള ഗവേഷണങ്ങളുടെ ഭാഗമായിരുന്നു കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പരീക്ഷണം. സര്‍വ്വകലാശാലകള്‍ക്കുള്ള ഒരു ശൃംഘല നിര്‍മ്മിക്കാന്‍ 1985ല്‍ അമേരിക്കയിലെ ദേശീയ ശാസ്ത്ര ഫൌണ്ടേഷന്‍ (National Science Foundation) മുന്‍കൈ എടുത്തു. ഇതിനു മുമ്പുതന്നെ 1983ല്‍ അമേരിക്കയിലെ ആദ്യത്തെ ഇമെയില്‍ സേവനം ആരംഭിച്ചിരുന്നു. എംസിഐ എന്ന കമ്പനിയാണു് ഇതു് തുടങ്ങിയതു്. ദേശീയ ശാസ്ത്ര ഫൌണ്ടേഷന്റെ ശൃംഘലയെ ഈ ഇമെയില്‍ സംവിധാനവുമായി ബന്ധിപ്പിക്കാന്‍ 1988ല്‍ അനുമതി ലഭിച്ചു. 1989ല്‍ അതു് നടപ്പിലായി. തുടര്‍ന്നു് മറ്റു് ഇമെയില്‍ സേവനദാതാക്കളുമായും ബന്ധം സ്ഥാപിച്ചു. അക്കാലത്തുതന്നെ കച്ചവടാടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കമ്പനികളും നിലവില്‍വന്നു. മറ്റു കമ്പ്യൂട്ടര്‍ ശൃംഘലകളും മേല്പറഞ്ഞ ശൃംഘലയുമായി ബന്ധിപ്പിച്ചു തുടങ്ങി.
1989ല്‍ ടിം ബെര്‍നേഴ്സ് ലീ (Tim Berners Lee) എന്ന ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ വികസിപ്പിച്ച വേള്‍ഡ് വൈഡ് വെബ് (world wide web, www) എന്ന സങ്കേതത്തിനു് 1990കളില്‍ നല്ല പ്രചാരം ലഭിച്ചു. ഇതിനു പിന്നില്‍ പരമാണുകേന്ദ്ര ഗവേഷണത്തിനുള്ള യൂറോപ്യന്‍ സ്ഥാപന (European Organization for Nuclear Research, CERN)ത്തിന്റെ വലിയൊരു പങ്കുണ്ടായിരുന്നു. ഇന്നു് ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ സേവനങ്ങളിലും വച്ചു് ഏറ്റവുമധികം ഉപയോഗിക്കുന്നതു് വേള്‍ഡ് വൈഡ് വെബ്ബാണു്. മാത്രമല്ല, ഇന്റര്‍നെറ്റിനു് ഇത്രയധികം ജനപ്രീതി ലഭിക്കാനുള്ള കാരണവും വെബ്‌സൈറ്റുകള്‍ സാധ്യമാക്കുന്ന ഈ സങ്കേതം തന്നെയാണു്.
ഇനി എങ്ങനെയാണു് ഇന്റര്‍നെറ്റു് നിയന്ത്രിതമാകുന്നതു് എന്നു പരിശോധിക്കാം. ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്ന ഓരോ കമ്പ്യൂട്ടറിനും ഒരു വിലാസം ആവശ്യമാണു്. ഇതിനു് ഐ.പി. വിലാസം എന്നു പറയുന്നു. ഇതു് നാലു് സംഖ്യകളുടെ ഒരു കൂട്ടമാണു്. ഈ സംഖ്യകള്‍ ഓരോ കുത്തുകൊണ്ടു് വേര്‍തിരിച്ചിരിക്കുന്നു. ഉദാഹരണമായി ഒരു കമ്പ്യൂട്ടറിന്റെ വിലാസം 74.125.236.50 എന്നാകാം. ഈ വിലാസം ലഭിച്ചാല്‍ ആ കമ്പ്യൂട്ടറുമായി ഇന്റര്‍നെറ്റുവഴി മറ്റൊരു കമ്പ്യൂട്ടറിനു് ബന്ധപ്പെടാം. എന്നാല്‍ നമുക്കാവശ്യമുള്ള വിലാസങ്ങള്‍ ഈ രൂപത്തില്‍ ഓര്‍മ്മിച്ചുവയ്ക്കാന്‍ ബുദ്ധിമുട്ടാണല്ലോ. അതു് സൌകര്യപ്പെടുത്താനാണു് വെബ് സൈറ്റുകള്‍ക്കു് പേരുകള്‍ നല്‍കിയിരിക്കുന്നതു്. പേരുകള്‍ ഓര്‍മ്മിച്ചുവയ്ക്കാന്‍ നമുക്കു് ബുദ്ധിമുട്ടില്ല. ഉദാഹരണമായി \engmal{google.com} എന്നു് ഓര്‍മ്മിച്ചുവയ്ക്കാന്‍ വലിയ പ്രയാസമില്ല. പക്ഷെ ഈ പേരുകള്‍ ഉപയോഗക്കാന്‍ കമ്പ്യൂട്ടറുകള്‍ക്കു് പ്രയാസമാണു്. അവയ്ക്കു് സംഖ്യകള്‍ തന്നെയാണു് സൌകര്യം. അതുകൊണ്ടു് പേരുകളില്‍നിന്നു് സംഖ്യാരൂപത്തിലുള്ള വിലാസങ്ങളിലേക്കും മറിച്ചും ``തര്‍ജമ'' ചെയ്യാനുള്ള സംവിധാനം വേണം. ഇതു് ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണു്. അവയുടെ സേവനമുപയോഗിച്ചാണു് വെബ് സൈറ്റുകളുമായി നമ്മുടെ കമ്പ്യൂട്ടര്‍ ബന്ധപ്പെടുന്നതു്.
ഇനി പേരുകള്‍ നല്‍കുന്നതിനും വിലാസങ്ങള്‍ നല്‍കുന്നതിനും എല്ലാം കേന്ദ്രീകൃത സംഘടനകള്‍ ആവശ്യമാണല്ലോ. എങ്കിലല്ലേ ഒരേ പേരിലോ ഒരേ വിലാസത്തിലോ ഒന്നിലധികം കമ്പ്യൂട്ടര്‍ ഇല്ല എന്നു് ഉറപ്പു വരുത്താനാകൂ. അതുകൊണ്ടു് വിലാസങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പര്‍ അതോറിറ്റി (Internet Assigned Number Authority, IANA) എന്നൊരു സംഘടനയുണ്ടു്. അതുപോലെ പേരുകള്‍ നല്‍കുന്നതിനു് Internet Corporation for Assigned Names and Numbers, ICANN എന്നൊരു സംഘടനയുമുണ്ടു്. ഇത്രയും നല്ലതുതന്നെ. പക്ഷെ കേന്ദ്രീകൃതമായതിന്റെ പ്രശ്നങ്ങള്‍ ഈ സംഘടനകള്‍ക്കുണ്ടു്. ചില സര്‍ക്കാരുകള്‍ക്കെങ്കിലും ഈ സംഘടനകളെക്കൊണ്ടു് ചില കാര്യങ്ങള്‍ ചെയ്യിക്കാനാകും. ഉദാഹരണമായി ഒരു പ്രബലരാഷ്ട്രത്തിലെ സര്‍ക്കാരിനു് ഒരു നിശ്ചിത വെബ് സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ തങ്ങള്‍ക്കു് ദോഷം ചെയ്യും എന്നു് തോന്നിയാല്‍ ആ സൈറ്റിന്റെ പേരോ വിലാസമോ ഇല്ലാതാക്കാന്‍ കഴിയും.
ഇന്റര്‍നെറ്റ് സേവനദാതാക്കളാണു് ഈ ശൃംഘലയിലെ മറ്റൊരു ബലഹീന കണ്ണി. അതതു് രാഷ്ട്രങ്ങളിലെ സര്‍ക്കാരുകള്‍ക്കു് ഈ സേവനദാതാക്കളെ വരുതിക്കു് നിര്‍ത്താന്‍ യാതൊരു പ്രയാസവുമില്ല. അങ്ങനെയാണല്ലോ ചൈനയിലും മറ്റും സാധാരണ ജനങ്ങള്‍ക്കു് പല വെബ് സൈറ്റുകളും ലഭ്യമല്ലാതായതു്. നമ്മള്‍ വികേന്ദ്രീകൃതവും സ്വതന്ത്രവും എന്നെല്ലാം കരുതുന്നെങ്കിലും ഇന്റര്‍നെറ്റും ജനങ്ങളുടെ അധീനതയിലല്ല എന്നതു തന്നെയാണു് സത്യം.
ഈ സാഹചര്യത്തിലാണു് അഫ്ഘാനിസ്ഥാനില്‍ ജനങ്ങളുടേതായ കമ്പ്യൂട്ടര്‍ ശൃംഘല ഉണ്ടാക്കിയിരിക്കുന്നതു്. ഭൂപ്രകൃതികൊണ്ടും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ കൊണ്ടും സാധാരണ ഇന്റര്‍നെറ്റ് സംവിധാനം ബുദ്ധിമുട്ടായിരിക്കുന്ന സാഹചര്യം അവിടെയുണ്ടു് എന്നോര്‍മ്മിക്കണം. ആ സാഹചര്യത്തിലാണു് കടകളില്‍നിന്നു് വാങ്ങാവുന്ന ചില ഇലക്‌ട്രാണിക് ഘടകങ്ങളും മറ്റു വസ്തുക്കളും ഉപയോഗിച്ചു് ഒരു വയര്‍ലെസ് ശൃംഘല നിര്‍മ്മിക്കാന്‍ ജലാലാബാദിലെ ചിലര്‍ ഇറങ്ങിത്തിരിച്ചതു്. ഇതിനു് താല്പര്യമെടുത്തവരുടെ വ്യക്തിപരമായ സമ്പാദ്യങ്ങളും അമേരിക്കയിലെ ദേശീയ ശാസ്ത്ര ഫൌണ്ടേഷന്റെ ധനസഹായവും ചേര്‍ത്തു് ഇക്കൂട്ടര്‍ ജലാലാബാദ് നഗര നിവാസികള്‍ക്കായി ഒരു കമ്പ്യൂട്ടര്‍ ശൃംഘല നിര്‍മ്മിച്ചുകഴിഞ്ഞു. രാജ്യം മൂഴുവനുമൊ വലിയൊരു പ്രദേശത്തൊ ഉപയോഗിക്കാവുന്ന ശൃംഘലയല്ല ഇതു്. ഈ ശൃംഘലയലെ രണ്ടു കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം ഏതാണ്ടു് ആറു കിലോമീറ്റര്‍ മാത്രമാണു്. പക്ഷെ ജനങ്ങള്‍ തങ്ങള്‍ക്കുവേണ്ടി സര്‍വ്വസാധാരണമായി ലഭിക്കുന്ന ഘടകങ്ങള്‍ ചേര്‍ത്തു് നിര്‍മ്മിച്ചതാണു് എന്ന പ്രത്യേകത ഇതിനുണ്ടു്. മാത്രമല്ല ഇതിന്റെ രൂപകല്പനയും മറ്റും തുറന്നതാണുതാനും. അതുകൊണ്ടു് ഇതു് എല്ലാ അര്‍ത്ഥത്തിലും തികച്ചും സ്വതന്ത്രമാണു്.
അമേരിക്കയിലെ മാസച്ച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വികസിപ്പിച്ചെടുത്ത ഫാബ്‌ലാബ് (FabLab -- Fabrication Laboratory) എന്ന ആശയത്തില്‍നിന്നാണു് ഇതിന്റെ തുടക്കം. അഫ്ഘാനിസ്ഥാനിലെ ഫാബ്‌ലാബാണു് ഫാബ്‌ഫൈ (FabFi) എന്ന ഈ വയര്‍ലെസ് സംവിധാനത്തിനു് രൂപകല്പന നല്‍കിയതു്. അഫ്‌ഗാനിസ്ഥാനില്‍ വിജയകരമായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ച സംവിധാനം കെനിയയിലും ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയിരിക്കുകയാണു്.
ഇന്റര്‍നെറ്റ് നിഷ്പക്ഷമായിരിക്കണം എന്നൊരു നിയമം നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ ഈയിടെ പാസാക്കി. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ അതിനു് തയാറാകുന്നില്ല. ജനങ്ങള്‍ക്കു് അവരുടേതായ ഒരു ശൃംഘല ഇപ്പോള്‍ നിര്‍മ്മിക്കാമെന്നിരിക്കെ സര്‍ക്കാരുകള്‍ കനിയാനായി എന്തിനു് കാത്തിരിക്കണം എന്നാണു് ചിലര്‍ ചോദിക്കുന്നതു്.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
No comments:
Post a Comment