Saturday, August 18, 2012

സിനിമ ഇന്റര്‍നെറ്റിലൂടെ

സിനിമയും സംഗീതവും മറ്റും ഇന്റര്‍നെറ്റിലൂടെയോ അല്ലാതെയോ പകര്‍ത്തുന്നതു് ഇതൊക്കെ നിര്‍മ്മിക്കുന്നവരെ വല്ലാതെ ബാധിക്കും എന്നും അവരുടെ നിലനില്പിനുതന്നെ ഭീഷണിയാണെന്നും ഒക്കെയാണു് നമ്മോടു് സാംസ്ക്കാരിക വ്യവസായികള്‍  പറയുന്നതു്. അതിന്റെ  തുടര്‍ച്ചയായാണു് അമേരിക്കയിലാണെങ്കിലും കേരളത്തിലാണെങ്കിലും സംഗീതവും സിനിമയും മറ്റും ഡൌണ്‍ലോഡ് ചെയ്യുന്നതിനും "വ്യാജ" സിഡികള്‍  ഉപയോഗിക്കുന്നതിനും എതിരായി ടെലിവിഷനിലും പത്രങ്ങളിലും സിനിമ സിഡികളില്‍പ്പോലും പരസ്യങ്ങള്‍  വരുന്നതും  ഇടയ്ക്കിടയ്ക്കു്  പോലീസിന്റെ  സഹായത്തോടെ കടകളില്‍   റെയ്ഡുകള്‍  നടത്തുന്നതും. ഇതു് ശരിയല്ല എന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍  പ്രവര്‍ത്തകര്‍  കുറച്ചുകാലമായി പറയുന്നുണ്ടു്. തങ്ങളുടെ സംഗീതം ഇന്റര്‍നെറ്റിലൂടെ പരസ്പരം പകര്‍ന്നുകൊടുക്കുന്നതു് തങ്ങള്‍ക്കു് നഷ്ടമുണ്ടാക്കുന്നില്ല എന്നും തങ്ങളുടെ ജനപ്രിയത വര്‍ദ്ധിക്കാന്‍  സഹായിക്കുന്നതിലൂടെ തങ്ങള്‍ക്കു് കൂടുതല്‍  കച്ചേരികള്‍  ലഭിക്കാന്‍  ഉപകരിക്കുകയേയുള്ളൂ എന്നും പാശ്ചാത്യരാജ്യങ്ങളിലെ ചില സംഗിതജ്ഞര്‍  പറഞ്ഞിട്ടുണ്ടെങ്കിലും  സിനിമകളും സംഗീതവും സിഡികള്‍  വഴിയോ അല്ലാതെയോ കൈമാറുന്നതു് തെറ്റാണു് എന്നുതന്നെയാണു് ഇപ്പോഴും പലരും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതു്. അങ്ങനെയിരിക്കെയാണു്   ആസ്ട്രേലിയയിലെ ഒരു ചലച്ചിത്ര നിര്‍മ്മാതാവു് തന്റെ പുതിയ ചിത്രം പ്രദര്‍ശനത്തിനു് റിലീസ് ചെയ്യുന്നതിനോടൊപ്പംതന്നെ ഡൌണ്‍ലോഡ് ചെയ്യാനായി ഇന്റര്‍നെറ്റില്‍  ഇടാനും തീരുമാനിച്ചതു്. ഒരു പ്രശസ്ത ബ്രിട്ടിഷ് സംഗീതഗ്രൂപ്പു് തങ്ങളുടെ പുതിയ ആല്‍ബം  ഇഷ്ടമുള്ള വില നല്‍കിയോ വില നല്‍കാതെതന്നെയോ ഡൌണ്‍ലോഡ് ചെയ്യാന്‍  ഇന്റര്‍നെറ്റിലിട്ടുകൊണ്ടു് പുറത്തിറക്കിയിട്ടു് അധികകാലമായിട്ടില്ല. ഇത്തരം സാംസ്ക്കാരിക സൃഷ്ടികള്‍  വിതരണം ചെയ്യുന്ന പുതിയ രീതിയുടെ തുടക്കമാകാം ഇതു്.

ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതു് വളരെയധികം ചെലവുള്ള കാര്യമാണു്. അതിനായി ചെലവുചെയ്ത പണവും കുറച്ചെങ്കിലും ലാഭവും തിരികെ കിട്ടുക എന്നതു് പണം മുടക്കുന്നവരുടെ ന്യായമായ ആഗ്രഹമാണു്. അങ്ങനെ പണം മുടക്കി നിര്‍മ്മിക്കുന്ന ചലച്ചിത്രം വെറുതെ കാണണം എന്നു പറയുന്നതു് അന്യായമല്ലേ എന്നു ചന്തിക്കുന്നതു് സ്വാഭാവികം മാത്രമാണു്. എന്നാല്‍  പലപ്പോഴും നമ്മള്‍  വിസ്മരിക്കുന്ന ചില സത്യങ്ങളുണ്ടു്.  വെറുതെ കാണണം എന്നു് ആഗ്രഹമുള്ളതുകൊണ്ടല്ല പലരും കമ്പ്യൂട്ടറിലോ ടെലിവിഷനുമായി ഘടിപ്പിച്ചിരിക്കുന്ന പ്ലെയറിലോ  സിഡിയിട്ടു് ചലച്ചിത്രം കാണാന്‍  താല്പര്യപ്പെടുന്നതു്. നല്ല സിനിമ  ആസ്വദിക്കണമെങ്കില്‍  തിയേറ്ററില്‍  ഇരുന്നു് കാണുക തന്നെ വേണം എന്നു് ആസ്വാദകര്‍  സമ്മതിക്കും. അതുകൊണ്ടു് തിയേറ്ററില്‍  പോയി ടിക്കറ്റെടുത്തു് കാണാനുള്ള അസൌകര്യമൊ അതിനുണ്ടാകുന്ന ചെലവൊ ഒക്കെയാണു് സിഡി എടുത്തു് കാണാന്‍  പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. അതുകൊണ്ടു് സിഡിയിട്ടു് സിനിമ കാണുന്നവര്‍  പലരും തിയേറ്ററില്‍  പോയി കാണാന്‍  ഇടയില്ലാത്തവരായിരിക്കാനാണു് സാദ്ധ്യത.

മാത്രമല്ല, പുതിയ സാങ്കേതികവിദ്യകള്‍  ഉണ്ടായിവരുന്നതു് ഇത്തരം സാംസ്ക്കാരിക സൃഷ്ടികള്‍  കൂടുതല്‍  ആള്‍ക്കാരുടെ അടുത്തെത്തിക്കാനും കൂടുതല്‍  സൌകര്യത്തോടെ ആസ്വദിക്കാനും ഉള്ള മാര്‍ഗങ്ങള്‍  സൃഷ്ടിക്കുന്നു എന്നതു് നാം ഓര്‍ക്കേണ്ടതുണ്ടു്. സാങ്കേതികവിദ്യ  മാറുന്നതനുസരിച്ചു് നമ്മള്‍  ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ രീതി മാറുന്നുണ്ടു്, മാറണം, എന്ന കാര്യം വിസ്മരിച്ചുകൂട. ഉദാഹരണമായി, ബോര്‍ഡുകളും ബാനറുകളും മറ്റും ബ്രഷും പെയിന്റുമുപയോഗിച്ചു് കൈകൊണ്ടു് എഴുതിയിരുന്ന കാലം വളരെയൊന്നും പണ്ടല്ല. കമ്പ്യൂട്ടര്‍  സാങ്കേതികവിദ്യ വന്നതോടെ ആ തൊഴില്‍  ചെയ്തിരുന്നവര്‍ക്കെല്ലാം തൊഴില്‍  നഷ്ടമായി. അതുപോലെ തന്നെയായി അച്ചുകള്‍  നിരത്തി കമ്പോസിംഗ് ചെയ്തിരുന്നവരുടെയും ഗതിയും. അതുകൊണ്ടു് പുതിയ സാങ്കേതികവിദ്യകള്‍  ഉണ്ടാവണ്ട എന്നു് ആരും പറയാറില്ല.  വീട്ടിലിരുന്നു് കമ്പ്യൂട്ടറിലോ ടിവിയിലോ സിനിമ കാണാനുള്ള സൌകര്യമാണു് ഇപ്പോള്‍  ലഭ്യമായിട്ടുള്ളതു്. എന്നാല്‍  നല്ല സിനിമ കാണാന്‍  ഇന്നും ചലച്ചിത്രാസ്വാദകര്‍  തിയേറ്ററുകളില്‍  തന്നെ പോകും. അതുകൊണ്ടാണല്ലോ കമ്പ്യൂട്ടറും മറ്റും വര്‍ഷങ്ങള്‍ക്കു മുമ്പേ എത്തിയ പാശ്ചാത്യ നാടുകളില്‍‌പ്പോലും ഇപ്പോഴും സിനിമ വ്യവസായം നിലനില്‍ക്കുന്നതു്.

ആളുകള്‍  ഇന്റര്‍നെറ്റിലൂടെ ഡിജിറ്റല്‍  രൂപത്തില്‍   സിനിമ കൈമാറുന്നതു് വ്യവസായത്തിനു് വലിയ നഷ്ടമുണ്ടാക്കുന്നു എന്നു് അമേരിക്കയിലെ ചലച്ചിത്ര വ്യവസായികളും പരാതിപ്പെടുന്നുണ്ടു്. എന്നാല്‍  അതു് കൂടുതല്‍പേരെ തിയേറ്ററുകളിലേക്കു് കൊണ്ടുവരാന്‍  സഹായിക്കുന്നുണ്ടു് എന്നും ഒരഭിപ്രായമുണ്ടു്. ഉദാഹരണമായി, 2004ല്‍  ഹാര്‍വാര്‍ഡ് ബിസിനസ് സ്ക്കൂളിലെ ഫെലിക്സ് ഓബര്‍ഹോള്‍സര്‍-ഗീയും (Felix Oberholzer-Gee)  ഉത്തരകരോളിന സര്‍വ്വകലാശാലയിലെ കോള്‍മാന്‍  സ്ട്രംപ്‌ഫും (Koleman Strump)  നടത്തിയ ഒരു പഠനത്തില്‍  കണ്ടതു്  സംഗീതം ഇന്റര്‍നെറ്റില്‍നിന്നു് ഡൌണ്‍ലോഡ് ചെയ്യുന്നതു്  സംഗീത സിഡികളുടെ വില്പനയില്‍  കുറവുവരുത്താന്‍  കാരണമായിട്ടില്ല എന്നാണു്.  2006ല്‍  നടത്തിയ മറ്റൊരു പഠനത്തിന്റെ  ഫലമായി മൈക്കല്‍  സ്മിത്തും രാഹുല്‍  തലാങ്ങും കണ്ടെത്തിയതു് ഇന്റര്‍നെറ്റ് സൌകര്യം വികസിച്ചതനുസരിച്ചു് സിനിമ ഡിവിഡികളുടെ വില്പന വര്‍ദ്ധിക്കുകയാണു് കുറയുകയല്ല ചെയ്തിട്ടുള്ളതു് എന്നാണു്.  2000-03 കാലഘട്ടത്തിലെ ഡിവിഡി വില്പനയുടെ വിവരങ്ങളാണു് അവര്‍  ഈ പഠനത്തിനായി ഉപയോഗിച്ചതു്. സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍  കൂടുതല്‍  പേരുടെ അടുത്തെത്തിക്കാനാണു് ഇന്റര്‍നെറ്റ് സഹായിച്ചതു് എന്നാണിതു് സൂചിപ്പിക്കുന്നതു്. കൂടുതല്‍  ഗാനമേളകളും അങ്ങനെ കൂടുതല്‍ വരുമാനവും  ലഭിക്കാന്‍  നല്ലതു് സ്വതന്ത്രമായി സംഗീതം ഡൌണ്‍ലോഡ് ചെയ്യാന്‍  അനുവദിക്കുന്നതാണു് എന്നു് ജാനിസ് അയന്‍  (Janis Ian)  എന്ന ഗ്രാമ്മി അവാര്‍ഡ് ജേതാവായ അമേരിക്കന്‍  പാട്ടുകാരി ഇന്റര്‍നെറ്റില്‍  എഴുതിയിരിക്കുന്നു (http://news.cnet.com/2010-1071-944488.html).   ഇതെല്ലാം സൂചിപ്പിക്കുന്നതു് സംഗീതവും ചലച്ചിത്രവും മറ്റും ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യുന്നതും ``വ്യാജ'' സിഡിയും ഒന്നും ഈ വ്യവസായങ്ങള്‍ക്കു് വലിയ ദോഷം ചെയ്യുന്നില്ല എന്നല്ലേ?

ഇവിടെ റേഡിയോഹെഡ് (Radio Head)  എന്ന ബ്രീട്ടീഷ് സംഗീത ഗ്രൂപ്പിന്റെ കഥ വളരെ പ്രസക്തമാണു്. ഇന്നുള്ള ഏറ്റവും ജനപ്രിയ ഗ്രൂപ്പുകളില്‍  ഒന്നാണവര്‍. 1985ല്‍  രൂപമെടുത്ത ഈ ഗ്രൂപ്പിന്റെ ആദ്യത്തെ ആറു് ആല്‍ബങ്ങളുടെ രണ്ടര കോടി കോപ്പികള്‍  2007 ആയപ്പോഴേക്കു് വിറ്റുകഴിഞ്ഞിരുന്നു. റെക്കാര്‍ഡിങ്ങ് കമ്പനികളുമായുണ്ടായിരുന്ന കരാറുകള്‍  തീര്‍ന്ന സാഹചര്യത്തില്‍  അവര്‍  തങ്ങളുടെ ഏഴാമത്തെ ആല്‍ബം ഇന്റര്‍നെറ്റില്‍  ഡൌണ്‍ലോഡ് ചെയ്യാന്‍  ഇട്ടു. അതിന്റെ വിലയായി അവര്‍  കൊടുത്തിരുന്നതു് ``നിങ്ങള്‍ക്കിഷ്ടമുള്ള തുക'' എന്നായിരുന്നു. ഒരു പൈസയും കൊടുക്കാതെ വേണമെങ്കിലും ഡൌണ്‍ലോഡ് ചെയ്യാമായിരുന്നു. അതില്‍നിന്നു് അവര്‍ക്കു് ധാരാളം പണം ലഭിച്ചു. എന്നിട്ടും ഏതാനും മാസങ്ങള്‍  കഴിഞ്ഞു് അവര്‍  ഇതേ ആല്‍ബം സിഡിയായി പുറത്തിറക്കിയപ്പോള്‍  വില്പനയുടെ കാര്യത്തില്‍  ഇംഗ്ലണ്ടിലും അമേരിക്കയിലും അതു് ഏറ്റവും മുന്നിലെത്തി! ഇന്റര്‍നെറ്റുവഴി ലഭ്യമാക്കിയതുകൊണ്ടു് സിഡിയുടെ വില്പന കുറയില്ല എന്നതിനു് ഇനിയെന്തു തെളിവു് വേണം?

ഈ സാഹചര്യത്തിലാണു് ദി ടണല്‍  (The Tunnel)  എന്ന ആസ്‌ട്രേലിയന്‍  ചിത്രം  മെയ് 18നു് റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ ഒരു അമേരിക്കന്‍  കമ്പനിയുമായി ചേര്‍ന്നു് ബിറ്റ് ടോറന്റ് എന്ന സോഫ്റ്റ്‌വെയറുപയോഗിച്ചു് ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയതു്. ഇതു് ചിത്രത്തിനു് നല്ല പ്രചാരം നല്‍കാന്‍ സഹായിക്കും എന്ന വിശ്വാസത്തിലാണു് അവര്‍  ഇങ്ങനെ ചെയ്തതു്. ചിത്രം ഇപ്പോള്‍  അവരുടെ  http://www.thetunnelmovie.net/  എന്ന വെബ് സൈറ്റില്‍നിന്നു് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണു്. ചെലവുകുറച്ചു് നിര്‍മ്മിച്ച ഈ ചിത്രത്തിനു വേണ്ടി ഇന്റര്‍നെറ്റുവഴി തന്നെയാണു് അവര്‍ പണം സ്വരൂപിച്ചതു് എന്നു് അവരുടെ വെബ്‌സൈറ്റില്‍  പറയുന്നു. ഇതിന്റെ സിഡി വിറ്റും തിയേറ്ററുകളില്‍ ഓടിയും ലഭിക്കുന്ന പണമുപയോഗിച്ചു് ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിയടുത്തവര്‍ക്കു് പ്രതിഫലം നല്‍കും എന്നാണു് അവര്‍  അവകാശപ്പെടുന്നതു്. ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യത്തക്ക വിധം ഇന്റര്‍നെറ്റില്‍  ചിത്രം ലഭ്യമാക്കാനായിട്ടാണു് ഇങ്ങനെയെല്ലാം ചെയ്തതു്. ലഭിക്കുന്ന പണം മിച്ചം വന്നാല്‍  അതു് അടുത്ത ചിത്രത്തിന്റെ  പണികള്‍ക്കായി മാറ്റി വയ്ക്കും എന്നവര്‍  പറയുന്നു.

സിനിമ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു പുതിയ രീതി തന്നെയാണു് ഇവിടെ നാം കാണുന്നതു്. വലിയ സംഖ്യകള്‍  ഈടാക്കുന്ന താരങ്ങളെ ഒഴിവാക്കിയും മറ്റു രീതികളില്‍  ചെലവു കുറച്ചും ചിത്രങ്ങള്‍  നിര്‍മ്മിക്കാനാവും. ചലച്ചിത്ര ആസ്വാദകരെ കള്ളന്മാരായി മുദ്ര കുത്താതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമകള്‍  വിതരണം ചെയ്യാനുമാവും. സ്വതന്ത്രമായി ഡൌണ്‍ലോഡ് ചെയ്യാനും പ്രദര്‍ശിപ്പിക്കാനുമുള്ള അവകാശത്തോടെ ഇന്റര്‍നെറ്റില്‍  ലഭ്യമാക്കിയിട്ടുള്ള പതിനഞ്ചോളം ചിത്രങ്ങളുടെ പേരുകള്‍  വിക്കിപ്പീഡിയയില്‍  കാണാം. ഇതേ ഉദ്ദേശ്യത്തോടെ കേരളത്തില്‍  തുടങ്ങിയിട്ടുള്ള പ്രോജക്‌ടാണു് ചാമ്പ എന്ന പേരില്‍  അറിയപ്പെടുന്നതു്. സാംസ്ക്കാരിക ഉത്പന്നങ്ങളുടെ സൃഷ്ടിയിലും വിതരണത്തിലും പുതിയൊരു രീതി വന്നു തുടങ്ങുകയാണു് എന്ന കാര്യത്തില്‍  സംശയമില്ല. അധികകാലം കഴിയുന്നതിനുമുമ്പു് ഈ മാറ്റം ഇന്ത്യയിലും കേരളത്തിലും എത്തുമെന്നതിനും സംശയമില്ല.

1 comment:

CarbonMonoxide said...

The music for varius movies are now available cheaply via internet (Flipkart.com etc) for very very reasonable rates. I recently bought Mp3 encoded DRM free music from the movie Ustad Hotel for 24 Rs. It was so reasonable a price that despite being able to copy it off of my computer, quiet a few of my colleagues just paid the money. I think this is a very good trend.