This is an article that was published in the Malayalam magazine Asaamaanyamaaya Maneesha (അസാമാന്യമായ മനീഷ), or just Maneesha, in its February issue. The magazine is published from Thrissur and carried a few photographs taken by Ashik Salahudin along with the article.
സ്വതന്ത്രസോഫ്റ്റ്‌വെയറും സ്വതന്ത്ര സമൂഹവും
ഡോ. വി. ശശി കുമാര്‍
സ്വതന്ത്ര സോഫ്റ്റ്‌വെയറിനേപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ കേരളത്തില്‍ ചുരുക്കമായിരിക്കണം. ഇന്ത്യയിലെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ തിരുവനന്തപുരത്തുവെച്ചാണു് ശ്രീ റിച്ചാഡ് സ്റ്റാള്‍മാന്‍ 2001ല്‍ ഉത്‌ഘാടനം ചെയ്തതു്. പിന്നീടു് കേരളത്തിലെ സ്ക്കൂളുകളില്‍ ഐ.റ്റി. പഠിപ്പിക്കാന്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇപ്പോഴാണെങ്കില്‍ സര്‍ക്കാരിന്റെ ഐ.റ്റി. നയത്തില്‍ തന്നെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കും എന്നു് പ്രഖ്യാപിച്ചിട്ടുണ്ടു്. സര്‍ക്കാര്‍ വകുപ്പുകളിലുപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറിക്കൊണ്ടിരിക്കയാണു്. 2008 ഡിസംബര്‍ 9 മുതല്‍ 11 വരെ തിരുവനന്തപുരത്തുവെച്ചു് "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര സമൂഹം'' എന്ന വിഷയത്തേക്കുറിച്ചു് ഒരു അന്തര്‍ദ്ദേശീയ സമ്മേളനം നടന്നു. ഇതിനും സര്‍ക്കാര്‍ തന്നെയാണു് മുന്‍കൈ എടുത്തതു്. ഈ പശ്ചാത്തലത്തില്‍ എന്താണീ സ്വതന്ത്രസോഫ്റ്റ്‌വെയര്‍, എന്താണീ സ്വതന്ത്ര സമൂഹം തുടങ്ങിയ കാര്യങ്ങള്‍ നമുക്കു് പരിശോധിക്കാം.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍
ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യം നല്‍കുന്ന സോഫ്റ്റ്‌വെയറാണു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍. നാലു സ്വാതന്ത്ര്യങ്ങളാണു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നല്‍കുന്നതു്. എത്ര കമ്പ്യൂട്ടറുകളില്‍ വേണമെങ്കിലും ഏതാവശ്യത്തിനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണു് ആദ്യത്തേതു്. നിശ്ചിത എണ്ണം കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനുള്ള അനുവാദം മാത്രമെ ഉടമസ്ഥാവകാശമുള്ള (proprietary) സോഫ്റ്റ്‌വെയര്‍ നല്‍കുന്നുള്ളൂ എന്നറിയാമല്ലോ. പകര്‍ത്തി മറ്റുള്ളവര്‍ക്കു് നല്‍കാനുള്ള സ്വാതന്ത്ര്യമാണു് രണ്ടാമത്തതു്. സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം പഠിക്കാനും വേണമെങ്കില്‍ അതില്‍ മാറ്റം വരുത്താനുമുള്ളതാണു് മൂന്നാമത്തെ സ്വാതന്ത്ര്യം. ഇതു് സാധ്യമാകണമെങ്കില്‍ പ്രോഗ്രാമിന്റെ മൂലരൂപമായ സോഴ്‌സ് കോഡ് (source code) ലഭ്യമായേ പറ്റൂ. അതുകൊണ്ടു് എല്ലാ സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെയും മൂലരൂപം ഇന്റര്‍നെറ്റില്‍ ലഭ്യമാണു്. ഇങ്ങനെ മാറ്റം വരുത്തിയ സോഫ്റ്റ്‌വെയര്‍ പുനര്‍വിതരണം ചെയ്യാനുള്ളതാണു് നാലാമത്തെ സ്വാതന്ത്ര്യം. ഈ നാലു സ്വാതന്ത്ര്യങ്ങളും നല്‍കുന്ന സോഫ്റ്റ്‌വെയറിനെ മാത്രമെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്നു പറയൂ. ഈ സ്വാതന്ത്ര്യങ്ങളൊന്നും തന്നെ നാം പണം കൊടുത്തു വാങ്ങുന്ന ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയര്‍ നമുക്കു നല്‍കുന്നില്ല എന്നതു വ്യക്തമാണല്ലോ.
സോഫ്റ്റ്‌വെയര്‍ അറിവു പോലെയാണെന്നും അറിവെന്നപോലെ സോഫ്റ്റ്‌വെയറും സ്വതന്ത്രമായിരിക്കണമെന്നുമുള്ള ആശയത്തിന്റെ അടിസ്ഥാനത്തിലാണു് സ്വതന്ത്രമായി ഉപയോഗിക്കാനും പകര്‍ന്നുകൊടുക്കാനും മറ്റും അനുവാദമുള്ള സോഫ്റ്റ്‌വെയര്‍ സൃഷ്ടിക്കാന്‍ റിച്ചാഡ് സ്റ്റാള്‍മാന്‍ തീരുമാനിച്ചതു്. ലോകപ്രശസ്ത സാങ്കേതിക വിദ്യാലയമായ എം.ഐ.റ്റി. (MIT - Massachusetts Institute of Technology) യില്‍ പ്രവര്‍ത്തിയെടുത്തിരുന്ന കാലത്തായിരുന്നു അദ്ദേഹം ഈ തീരുമാനമെടുത്തതു്. 1983ല്‍ അദ്ദേഹം സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സൃഷ്ടിക്കാനായി ഗ്നു (GNU) എന്ന പ്രോജക്റ്റ് തുടങ്ങുകയും 1985ല്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കാനായി ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ എന്ന പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തോടുകൂടി വിതരണം ചെയ്യാനുള്ള ലൈസന്‍സും അദ്ദേഹം വികസിപ്പിച്ചെടുത്തു. അതാണു് ഇന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലൈസന്‍സായ ജി.പി.എല്‍. (ജനറല്‍ പബ്ലിക് ലൈസന്‍സ്).
സ്റ്റാള്‍മാന്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങിയതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ടു്. അദ്ദേഹം എം.ഐ.റ്റിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്തു് സോഫ്റ്റ്‌വെയര്‍ പൊതുവെ സ്വതന്ത്രമായിരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ പ്രോഗ്രാമുകള്‍ പരസ്പരം കൈമാറുമായിരുന്നു. എം.ഐ.റ്റിയിലെ ലാബില്‍ അവരുപയോഗിച്ചിരുന്നതു് അവര്‍തന്നെ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറായിരുന്നു, ഓപ്പറേറ്റിംഗ് സിസ്റ്റമുള്‍പ്പോടെ. അവരുടെ കമ്പ്യൂട്ടറുകള്‍ ശൃംഘലയായി (network) പരസ്പരം ബന്ധിച്ചിരുന്നു. അവരുപയോഗിച്ചിരുന്ന പ്രിന്ററും ശൃംഘലയുടെ ഭാഗമായിരുന്നു. എല്ലാ പ്രിന്ററുകളെയും പോലെ ഇതിനും ഒരു പ്രശ്നമുണ്ടായിരുന്നു -- ഇടയ്ക്കിടയ്ക്കു് കടലാസ് കുരുങ്ങുക. തല്‍ഫലമായി എന്തെങ്കിലും പ്രിന്റ് ചെയ്യാന്‍ കൊടുത്തിട്ടു് കുറേക്കഴിഞ്ഞു് ചെന്നു നോക്കുമ്പോള്‍ പ്രിന്റര്‍ നശ്ചലമായി ഇരിക്കുന്നതാണു് കാണുക. കുരുങ്ങിയ കടലാസു മാറ്റിയിട്ടു് തിരിച്ചുപോകുകയേ അപ്പോള്‍ മാര്‍ഗ്ഗമുള്ളൂ. ഇങ്ങനെ പല തവണ സംഭവിച്ചാല്‍ ആര്‍ക്കായാലും ദേഷ്യം വരില്ലേ? ഇതിനൊരു പരിഹാരം കാണാന്‍ സ്റ്റാള്‍മാന്‍ ആഗ്രഹിച്ചു. അതിനദ്ദേഹം ഒരു വഴി കണ്ടെത്തുകയും ചെയ്തു. പ്രിന്ററിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയറാണു് അതിന്റെ ഡ്രൈവര്‍ എന്നറിയപ്പെടുന്നതു്. ഇതില്‍ അദ്ദേഹം രണ്ടു് മാറ്റങ്ങള്‍ വരുത്തി. ഒരാള്‍ ആവശ്യപ്പെട്ട പേജുകള്‍ പ്രിന്റ് ചെയ്തു കഴിഞ്ഞാല്‍ ആ വിവരം അദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ ഒരു സന്ദേശമായി തെളിയും എന്നതാണു് ഒന്നു്. അതുപോലെ, പ്രിന്ററില്‍ കടലാസുടക്കിക്കഴിഞ്ഞാല്‍ പ്രിന്റു ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയ എല്ലാവരുടെയും കമ്പ്യൂട്ടറില്‍ ഈ വിവരം സന്ദേശമായി തെളിയും എന്നതാണു് രണ്ടാമത്തെ മാറ്റം കൊണ്ടു് സാധിച്ചതു്.
അങ്ങനെയിരിക്കെ റാങ്ക് ക്സീറോക്സ് കോര്‍പ്പറേഷന്‍ (Rank Xerox Corporation) അവര്‍ക്കൊരു പുതിയ പ്രിന്റര്‍ നല്കി. മേല്പറഞ്ഞ വിദ്യകള്‍ അതിലും നടപ്പാക്കണം എന്നു് സ്റ്റാള്‍മാനു് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പുതിയ പ്രിന്ററിനുള്ള ഡ്രൈവറിന്റെ മൂലരൂപം (മനുഷ്യര്‍ക്കു വായിക്കാവുന്ന രൂപം, source code) അദ്ദേഹത്തിനു ലഭിച്ചില്ല. അതന്വേഷിച്ചുകൊണ്ടിരിക്കെയാണു് ഡ്രൈവര്‍ രചിച്ച വ്യക്തി അടുത്തുള്ള മറ്റൊരു സര്‍വ്വകലാശാലയില്‍ വരുന്നുണ്ടെന്ന വിവരം സ്റ്റാള്‍മാന്‍ അറിഞ്ഞതു്. അങ്ങനെ ഒരിക്കല്‍ അവിടെ പോയപ്പോള്‍ ആ വ്യക്തിയെ കണ്ടു് അദ്ദേഹം ഡ്രൈവറിന്റെ മൂലരൂപം ആവശ്യപ്പെട്ടു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായ മറുപടിയാണു് സ്റ്റാള്‍മാനു് ലഭിച്ചതു്. കമ്പനിയുമായി "നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ'' ഒപ്പിട്ടിട്ടുള്ളതുകൊണ്ടു് അതു തരാനാകില്ല എന്നായിരുന്നു മറുപടി. ഇത്തരം എഗ്രിമെന്റുകളേപ്പറ്റി സ്റ്റാള്‍മാന്‍ കേട്ടിരുന്നു. അവയോടു് അദ്ദേഹത്തിനും മറ്റു പല പ്രോഗ്രാമര്‍മാര്‍ക്കും ശക്തമായ എതിര്‍പ്പുമുണ്ടായിരുന്നു. എന്തായാലും അന്നത്തെ സാഹചര്യത്തില്‍ വാതില്‍ വലിച്ചടച്ചു് ഇറങ്ങിപ്പോന്നു എന്നാണു് സ്റ്റാള്‍മാന്‍ തന്നെ പിന്നീടു് എഴുതിയതു്. അതേത്തുടര്‍ന്നാണു് ആര്‍ക്കും പങ്കുവയ്ക്കാനും മാറ്റം വരുത്താനും മറ്റും സ്വാതന്ത്ര്യമുള്ള ഓപ്പറേറ്റിങ് സിസ്റ്റവും (കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയര്‍) ആപ്ലിക്കേഷനുകളും ഉണ്ടാക്കണമെന്നു് അദ്ദേഹം തീരുമാനിച്ചതു്.
ഗ്നു പ്രോജക്ട് തുടങ്ങിയിട്ടു് ഇപ്പോള്‍ കാല്‍ നൂറ്റാണ്ടു് പിന്നിട്ടിരിക്കുന്നു. ആദ്യകാലത്തു് സ്റ്റാള്‍മാന്‍ ഒറ്റയ്ക്കായിരുന്നെങ്കിലും ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള പതിനായിരക്കണക്കിനു് പ്രോഗ്രാമര്‍മാരാണു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സൃഷ്ടിക്കാനായി പ്രവര്‍ത്തിക്കുന്നതു്. ഗ്നു ലിനക്സ് ആണു് ഇന്നേറ്റവും പ്രചാരമുള്ള സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം. കൂടാതെ ഫ്രീ ബി.എസ്.ഡി., ഓപ്പണ്‍ ബി.എസ്.ഡി., ഓപ്പണ്‍ സൊളാരിസ്, എന്നിങ്ങനെ പല സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റങ്ങളുമുണ്ടു്.
"പ്രോഗ്രാമിങ്ങ് അറിയാത്ത എനിക്കു് ഇത്തരം സ്വാതന്ത്ര്യങ്ങള്‍ കൊണ്ടു് എന്തു പ്രയോജനം'' എന്നു പലരും ചിന്തിക്കാം. ഇതിനു് രണ്ടു് ഉത്തരങ്ങളുണ്ടു്. സോഫ്റ്റ്‌വെയറില്‍ എനിക്കു് മാറ്റം വരുത്താനാവില്ലെങ്കിലും വേണമെങ്കില്‍ അതറിയാവുന്ന ഒരാളേക്കൊണ്ടു് എനിക്കാവശ്യമായ മാറ്റം വരുത്തിക്കാനാവും എന്നതാണൊന്നു്. ഇങ്ങനെ സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തേണ്ട ആവശ്യം വ്യക്തികള്‍ക്കു് ഉണ്ടാവാന്‍ സാധ്യതയില്ലെങ്കിലും പല സ്ഥാപനങ്ങള്‍ക്കു് വേണ്ടിവരാമല്ലോ. പക്ഷെ എല്ലാവര്‍ക്കും പ്രയോജനം ചെയ്യുന്ന മറ്റൊരു കാര്യമുണ്ടു്. ഒരു സമൂഹത്തിനു തന്നെ ആവശ്യമായ മാറ്റങ്ങള്‍ സോഫ്റ്റ്‌വെയറില്‍ വരുത്താനാവും എന്നതാണതു്. ഉദാഹരണമായി കേരളത്തിലെ കുറേ വിദ്യാര്‍ത്ഥികളും മറ്റും ചേര്‍ന്നു് ഗ്നു ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം മലയാളത്തിലാക്കിയിട്ടുണ്ടു്. അതുകൊണ്ടു് മലയാളം മാത്രമറിയാവുന്നവര്‍ക്കും കമ്പ്യൂട്ടര്‍ ഇന്നു് പ്രാപ്യമാണു്. ഇതിനായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന ഒരു സംഘടന തന്നെ നിലവില്‍ വന്നിട്ടുണ്ടു്. സോഫ്റ്റ്‌വെയര്‍ പുതുക്കുന്നതനുസരിച്ചു് അതൊക്കെ ഇവര്‍ മലയാളത്തിലാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ മലയാളം ടൈപ്പുചെയ്യാനുള്ള സൌകര്യങ്ങള്‍, കമ്പ്യൂട്ടറിലുപയോഗിക്കാവുന്ന മലയാളം ഡിക്‌ഷ്ണറി, തുടങ്ങിയവ തയാറാക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം സാദ്ധ്യമായതു് സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം കൊണ്ടുമാത്രമാണെന്നു വ്യക്തമാണല്ലൊ.
സ്വാതന്ത്ര സോഫ്റ്റ്‌വെയറിന്റെ മെച്ചം
മേല്പറഞ്ഞ ഗുണങ്ങളൊക്കെയുണ്ടെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ മെച്ചപ്പെട്ടതാണോ എന്നു് പലര്‍ക്കും സംശയമുണ്ടാകാം. ഒരു കമ്പനിയൊന്നുമുണ്ടാക്കാത്ത ഇത്തരം ഉല്പന്നങ്ങളുടെ ഗുണനിലവാരം കുറവാവില്ലേ എന്നു് ന്യായമായും സംശയിക്കാം. എന്നാല്‍ ഏറ്റവും പ്രചാരത്തിലുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസിനേക്കാള്‍ പല തരത്തില്‍ മെച്ചപ്പെട്ടതാണു് ഇന്നേറ്റവും പ്രചാരമുള്ള സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഗ്നു ലിനക്സ്. ഇതിനെ ബാധിക്കുന്ന വൈറസുകള്‍ ഏതാണ്ടില്ല എന്നു തന്നെ പറയാം. പിന്നെ സാധാരണഗതിയില്‍ സിസ്റ്റം ക്രാഷ് ചെയ്യുകയില്ല. മള്‍ട്ടി യൂസര്‍ സൌകര്യമുണ്ടു്, അതായതു് പലര്‍ക്കു് ഒരേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാം, പക്ഷെ അപ്പോഴും ഓരോരുത്തരുടെയും ഫയലുകള്‍ സുരക്ഷിതമായിത്തന്നെ ഇരിക്കും. ഇങ്ങനെ പല മെച്ചങ്ങളും ഗ്നു ലിനക്സിനുണ്ടു്.
ഇനി ഇതിലെന്തെല്ലാം ഉപയോഗങ്ങള്‍ക്കുള്ള ആപ്ലിക്കേഷനുകളുണ്ടു് എന്നു പരിശോധിക്കാം. സാധാരണക്കാര്‍ കമ്പ്യൂട്ടറുവയോഗിച്ചു ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു ചെയ്യാനാവും. ഓഫീസാവശ്യത്തിനുള്ള വേഡ് പ്രോസസര്‍, സ്പ്രെഡ്‌ഷീറ്റ്, പ്രസന്റേഷന്‍, ഇമെയ്ല്‍, വെബ്‌ബ്രൌസിങ്, ഫോട്ടോ എഡിറ്റിങ്, തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ഒന്നിലധികം ആപ്ലിക്കേഷനുകളുണ്ടു്. ഇവയില്‍ ചിലതെങ്കിലും സ്വതന്ത്രമല്ലാത്ത കമേഴ്സ്യല്‍ സോഫ്റ്റ്‌വെയറിനേക്കാള്‍ മെയ്യപ്പെട്ടതുമാണു്. ഉദാഹരണമായി, വെബ്‌ബ്രൌസറായ ഫയര്‍ഫോക്സിന്റെ പ്രചാരം വളരെ വേഗം ഏറിവരികയാണു്. ഇപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ മാത്രമാണു് മുന്നിലുള്ളതു്. അതുപയോഗിച്ചിരുന്നവര്‍ പോലും ഫയര്‍ഫോക്സിലേക്കു് മാറിക്കൊണ്ടിരിക്കയാണു്.
അതുപോലെ സവിശേഷാവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയറുകളും സ്വതന്ത്രമായതു ലഭ്യമാണു്. ഉദാഹരണമായി, ശബ്ദഫയലുകളില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന എഡിറ്ററുകള്‍, വിഡിയോ എഡിറ്ററുകള്‍, സംഗീതം സൃഷ്ടിക്കാനുള്ള സോഫ്റ്റ്‌വെയര്‍, ത്രിമാന അനിമേഷനുള്ള സോഫ്റ്റ്‌വെയര്‍ തുടങ്ങിയവയും ലഭ്യമാണു്. സര്‍ക്കാരുകളും, ബിസിനസുകളും വ്യവസായങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു് മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണമായി, ജര്‍മ്മനിയിലെ മ്യൂണിക്ക് നഗരസഭ ഏതാനും വര്‍ഷം മുമ്പു് സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു് മാറാന്‍ തീരുമാനിച്ചു. സ്പെയ്‌നിലെ എക്സ്‌ട്രെമദുര പ്രവിശ്യ ആദ്യം സ്ക്കൂളുകളും പിന്നെ ആപ്പീസുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു് മാറ്റി. തമിഴ് നാട്ടിലെ എല്‍ക്കോട്ട് (ELCOT) എന്ന സര്‍ക്കാര്‍ സ്ഥാപനം ആദ്യം മാറി, പിന്നീടു് തമിഴ്‌നാട്ടിലെ പല സ്ഥാപനങ്ങളും മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ എല്‍.ഐ.സി. ഉപയോഗിക്കുന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. കേരളത്തിലെ സ്ക്കൂളുകളെല്ലാം ഐ.റ്റി.~വിദ്യാഭ്യാസത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതു കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണമായി, ഖാദി ബോര്‍ഡിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പൂര്‍ണ്ണമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിലാണു്. വൈദ്യുത ബോര്‍ഡിന്റെ ബില്ലിങ്ങിനുള്ള സോഫ്റ്റ്‌വെയര്‍ ബോര്‍ഡിലെ തന്നെ ചിലര്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്ത ``ഒരുമ'' എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. പല എഞ്ചിനീയറിങ് കോളജുകളും കമ്പ്യൂട്ടര്‍ ലാബുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കിയിട്ടുണ്ടു്, എറണാകുളത്തെ മോഡല്‍ എഞ്ചിനീയറിങ് കോളജ്, തൃശൂരുള്ള ഗവണ്മെന്റ് എഞ്ചിനീയറിങ് കോളജ്, കുറ്റിപ്പുറത്തെ എം.ഇ.എസ്. കോളജ്, തിരുവനന്തപുരത്തെ ബാര്‍ട്ടണ്‍ ഹില്‍ കോളജ് എന്നിവ ഏതാനും ഉദാഹരണങ്ങളാണു്. കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളാണു് എന്നതു് പ്രതീക്ഷയ്ക്കു വക നല്‍കുന്ന കാര്യമാണു്.
സോഫ്റ്റ്‌വെയറിലൂടെയുള്ള സ്വാതന്ത്ര്യത്തിന്റെ ഈ മുന്നേറ്റം മറ്റു പല രംഗങ്ങളെയും സ്വാധീനിച്ചിട്ടുണ്ടു്. അവയില്‍ ചിലതു് നമുക്കിനി പരിശോധിക്കാം.
അറിവിനും സ്വാതന്ത്ര്യം
അറിവു് സ്വതന്ത്രമായിരിക്കണം എന്ന ആശയം തന്നെയാണു് പൊതുജനങ്ങളുടെ സഹകരണത്തോടെ നിര്‍മ്മിച്ചെടുത്ത വിക്കിപ്പീഡിയ (Wikipedia) എന്ന സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ തുടക്കത്തിനും കാരണമായതു്. ബോമിസ് (Bomis) എന്ന കമ്പനിയുടെ ഉടമയായ ജിമ്മി വെയ്‌ല്‍സാണു് വിക്കിപ്പീഡിയ തുടങ്ങിയതു്. ബോമിസാണു് അതിന്റെ ചെലവുകള്‍ വഹിച്ചതും. ആര്‍ക്കുവേണമെങ്കില്‍ വിക്കിപ്പീഡിയയിലെ ലേഖനങ്ങളില്‍ മാറ്റം വരുത്താം. പുതിയ ലേഖനങ്ങള്‍ എഴുതുകയുമാവാം. ഒന്നു് രജിസ്റ്റര്‍ ചെയ്യണമെന്നു മാത്രം. അതിനു് ചെലവില്ലതാനും. വിക്കിപ്പീഡിയയിലുള്ള ലേഖനങ്ങള്‍ ആര്‍ക്കും പകര്‍ത്തിയെടുക്കുകയും എന്താവശ്യത്തിനും ഉപയോഗിക്കുകയുമാവാം. ഈ സ്വാതന്ത്ര്യം അതിലെ ചിത്രങ്ങള്‍ക്കും ബാധകമാണു്. വിക്കിപ്പീഡിയയിലുള്ള വിഭവങ്ങളൊന്നും തന്നെ പകര്‍പ്പവകാശനിയമമനുസരിച്ചു് നിയന്ത്രിതമല്ല. സ്വതന്ത്ര എന്‍സൈക്ലോപ്പീഡിയ എന്ന ആശയം ആദ്യം കൊണ്ടുവന്നതും സ്റ്റാള്‍മാന്‍ തന്നെയാണു് എന്നതു് രസാവഹമാണു്, നടപ്പിലാക്കിയതു് ജിമ്മി വെയ്ല്‍സാണെങ്കിലും.
ഇന്നു് വിക്കിപ്പീഡിയയില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രം 25 ലക്ഷത്തിലധികം ലേഖനങ്ങളുണ്ടു്. ആകെ 250ലധികം ഭാഷകളില്‍ ലേഖനങ്ങളുണ്ടു്. ഇവയില്‍ മലയാളവും മറ്റു പല ഇന്ത്യന്‍ ഭാഷകളും ഉള്‍പ്പെടും. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ലേഖനങ്ങളുള്ളതു് തെലുങ്കിലാണു് -- 41,000ലധികം. മലയാളം പിന്നിലാണു്, ഏതാണ്ടു് 9,000ല്‍ താഴെ ലേഖനങ്ങളേയുള്ളൂ. ലോകത്തിലേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന വിജ്ഞാനകോശമാണു് വിക്കിപ്പീഡിയ. അതിന്റെ നിലവാരവും വളരെ ഉയര്‍ന്നതാണെന്നു് ഒരു പഠനമെങ്കിലും തെളിയിച്ചിട്ടുണ്ടു്. പ്രശസ്ത ശാസ്ത്രപ്രസിദ്ധീകരണമായ "നേച്ചര്‍'' (nature) നടത്തിയ പഠനത്തില്‍ കണ്ടതു്, ബ്രിട്ടാനിക്കയില്‍ ഒരു ലേഖനത്തില്‍ ശരാശരി മൂന്നു തെറ്റുകള്‍ ഉള്ളപ്പോള്‍ വിക്കിപ്പീഡിയയില്‍ ശരാശരി നാലു തെറ്റുകള്‍ കണ്ടു എന്നാണു്.
ഈ ഡിജിറ്റല്‍ യുഗത്തില്‍ അറിവു് എന്നു പറയുമ്പോള്‍ വിജ്ഞാനകോശത്തിലുള്ളതു പോലത്തെ അറിവു മാത്രമല്ല ഉദ്ദേശിക്കുന്നതു്. കഥയും സംഗീതവും ചലച്ചിത്രങ്ങളും ഒക്കെ "അറിവാ''യിട്ടാണു് കണക്കാക്കുന്നതു്. എല്ലാ അറിവും ഡിജിറ്റല്‍ രൂപത്തിലായിക്കൊണ്ടിരിക്കുകയാണല്ലോ. ഇപ്പോള്‍ സംഗീതവും ചിത്രങ്ങളും ചലച്ചിത്രങ്ങളും എല്ലാം കമ്പ്യൂട്ടറിലൂടെ ആസ്വദിക്കാനാവുമല്ലോ. ഡിജിറ്റല്‍ രൂപത്തിലാകുമ്പോള്‍ ഇത്തരം വിഭവങ്ങള്‍ പകര്‍ത്തുന്നതും മറ്റുള്ളവര്‍ക്കെത്തിക്കുന്നതും മറ്റും വളരെ ചെലവു കുറഞ്ഞതും എളുപ്പവുമുള്ള കാര്യമാകും. എന്നാല്‍ പകര്‍പ്പവകാശനിയമം ഇതിനു് തടസമായി നില്‍ക്കുന്നുണ്ടു്. ഇതിനൊരു പോംവഴിയായിട്ടാണു് 'ക്രിയേറ്റീവ് കോമണ്‍സ്' എന്ന ആശയമുണ്ടായതു്. സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയിലെ നിയമാദ്ധ്യാപകനായ പ്രൊഫ. ലോറന്‍സ് ലെസ്സിഗാണു് ഇതിനു് തുടക്കം കുറിച്ചതു്. പകര്‍പ്പവകാശത്തിന്റെ കടുത്ത നയന്ത്രണമില്ലാതെ സ്വന്തം സൃഷ്ടികള്‍ വിതരണം ചെയ്യണമെന്നു് ആഗ്രഹമുള്ളവര്‍ക്കു് അതിനു് സഹായിക്കുന്ന ലൈസന്‍സുകള്‍ അദ്ദേഹം വികസിപ്പിച്ചിട്ടുണ്ടു്. കൂടുതല്‍ വിവരങ്ങള്‍ http://creativecommons.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണു്. ഇത്തരമൊരു ലൈസന്‍സിലാണു് ഈ ലേഖനവും പ്രസിദ്ധീകരിച്ചിരിക്കുന്നതു്.
സ്വാതന്ത്ര്യം മറ്റു രംഗങ്ങളില്‍
മേല്‍വിവരിച്ച സ്വാതന്ത്ര്യമെന്ന ആശയം മറ്റു പല രംഗങ്ങളിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഗവേഷണഫലങ്ങളുടെ പ്രസിദ്ധീകരണമാണു് ഒരു ഉദാഹരണം. പണ്ടു മുതല്‍ക്കേ തങ്ങളുടെ കണ്ടെത്തലുകള്‍ ലോകത്തെ അറിയിക്കുന്നതില്‍ താല്പര്യമുള്ള ഒരു സമൂഹമാണു് ശാസ്ത്രസമൂഹം. ഇപ്പോള്‍ ഗവേഷണത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുന്നതു് സര്‍ക്കാരാണു്, അതായതു് ജനങ്ങളാണു്. ഇവരുടെ പ്രയത്നത്തിലൂടെ അറിവാകുന്ന വിവരങ്ങള്‍ പ്രസിദ്ധീകരണത്തിനായി എഴുതിത്തയാറാക്കുന്നതു് ഇവര്‍തന്നെയാണു്. പ്രസിദ്ധീകരണയോഗ്യമായവ തിരഞ്ഞെടുക്കുന്നതു് മറ്റു ശാസ്ത്രജ്ഞരാണു്. എന്നാല്‍ പ്രസിദ്ധീകരിച്ചു കഴിയുമ്പോള്‍ പകര്‍പ്പവകാശം പ്രസാധകരുടേതായിത്തീരുന്നു. മറ്റു ശാസ്ത്രജ്ഞര്‍ക്കു പോലും അതു വായിക്കാന്‍ പണം കൊടുക്കേണ്ടി വരുന്നു. ഇതിനെ എതിര്‍ക്കുന്ന ഒരു പ്രസ്ഥാനമാണു് ഓപ്പണ്‍ അക്സസ് പ്രസ്ഥാനം. ഗവേഷണപ്രബന്ധങ്ങള്‍ രചിക്കുന്നവര്‍ തന്നെ അതു് ഇന്റര്‍നെറ്റിലിടുക, ജേര്‍ണലുകളുടെ പ്രസാധകര്‍ ലേഖനങ്ങള്‍ ഇന്റര്‍നെറ്റിലിടുക എന്നിങ്ങനെ രണ്ടു പരിഹാരങ്ങളാണു് പ്രസ്ഥാനം മുന്നോട്ടു വയ്ക്കുന്നതു്. വിശദവിവരങ്ങള്‍ http://plos.org, http://www.soros.org/openaccess തുടങ്ങിയ സൈറ്റുകളില്‍നിന്നു ലഭിക്കും.
ബിസിനസ് രംഗത്തു് ഈ ആശയങ്ങള്‍ എങ്ങനെ പ്രയോഗിക്കാമെന്നു് പരീക്ഷണം നടത്തുകയാണു് പൂണെയിലെ ഒരു കൂട്ടര്‍ (http://www.wikiocean.net കാണുക). എന്നാല്‍ ഏറ്റവും രസാവഹമായി തോന്നുന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറും വിക്കിപ്പീഡിയയുമെല്ലാം പുതുതായി രൂപപ്പെട്ടുവരുന്ന ഒരു ഉല്പാദനമാതൃകയുടെ ഉദാഹരണങ്ങളായി കാണുന്ന ഒയ്‌ക്കണക്സ് (Oekonux), P2P ഫൌണ്ടേഷന്‍ എന്നീ കൂട്ടങ്ങളാണു്. ലോകത്തിന്റെ സ്വഭാവത്തെ ഇതു് ക്രമേണ മാറ്റിമറിക്കും എന്നവര്‍ പറയുന്നു. മുതലാളിത്തത്തിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയും അനിയന്ത്രിതമായ വികസനം എന്ന മുതലാളിത്തത്തിന്റെ കാഴ്ചപ്പാടു് നിലനില്‍ക്കുന്നതല്ല എന്നു തിരിച്ചറിയുകയും ചെയ്യുമ്പോള്‍ പാരസ്പര്യത്തിന്റെ ഈ ഉല്പാദനരീതി പ്രബലമാകുകയും മുതലാളിത്തത്തില്‍ നിന്നു് ഉല്പാദനകര്‍മ്മം ക്രമേണ ഏറ്റെടുക്കുകയും ചെയ്യുമെന്നു് ഇവര്‍ വിശ്വസിക്കുന്നു.
അച്ചടി നിലവില്‍വന്ന ഒരു കാലഘട്ടത്തിനു വേണ്ടിയാണു് പകര്‍പ്പവകാശ നിയമം ഉണ്ടാക്കിയതു്. ഇന്നത്തെ പുതിയ സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ മുഴുവനും സമൂഹനന്മയ്ക്കായി ഉപയോഗപ്പെടുത്തുന്നതിനു് ഈ നിയമം തടസം നില്‍ക്കുകയാണു്. സൃഷ്ടികര്‍ത്താക്കള്‍ക്കു് പ്രതിഫലം ലഭ്യമാക്കുന്നതിനു് പകര്‍പ്പവകാശ നിയമത്തിന്റെ ആവശ്യമില്ല. അതിനു് സ്വാതന്ത്ര്യം തടസപ്പെടുത്താത്ത മാര്‍ഗ്ഗങ്ങള്‍ ഇന്നത്തെ സാങ്കേതികവിദ്യയ്ക്കു് നല്‍കാനാകും. നമ്മുടെ കാഴ്ചപ്പാടില്‍ മാറ്റം വരണമെന്നു മാത്രം. അങ്ങനെ പുതിയ കാഴ്ചപ്പാടുള്ള ഒരു സമൂഹത്തെയാണു് നാം സ്വതന്ത്രസമൂഹം എന്നു വിളിക്കുന്നതു്.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് Attribution Share Alike (by sa) 2.5 India ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ കുറിപ്പുകൂടി ഉള്‍പ്പെടുത്തുന്ന പക്ഷം ഈ ലേഖനം ഏതു മാധ്യമത്തിലും ഇതേ രൂപത്തിലോ മാറ്റം വരുത്തിയോ പ്രസിദ്ധീകരിക്കുന്നതിനു് പ്രത്യേക അനുവാദം ആവശ്യമില്ല. ഈ ലൈസന്‍സിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ http://creativecommons.org/ licenses/by-sa/2.5/in/ എന്ന വെബ് പേജില്‍ ലഭ്യമാണു്)
Subscribe to:
Post Comments (Atom)
1 comment:
സ്വതന്ത്ര്യ സോഫ്റ്റ്വേയറുകള്‍ തന്നെയാണ് നാളെയുടെ സോഫ്റ്റ്വെയറുകള്‍ എന്നു നിസ്സംശയം പറയാം... കോളേജികളുടെ കൂട്ടത്തില്‍ കേരളത്തില്‍ ഒരു പക്ഷേ സ്വതന്ത്രസോഫ്റ്റ്വേയറുകള്‍ ഇന്നത്തെ പോലെ പ്രചാരത്തിലാവുന്നതിനു മുന്‍പേ മുഴുവനായും ലിനക്സ് ഉപയോഗിച്ചിരുന്നു കോഴിക്കോട് ഗവണ്മെന്റ് കോളേജില്‍. എന്നു ഈയവസര്‍ത്തില്‍ ഓര്‍ക്കുന്നു..
ഭാവുകങ്ങള്‍
Post a Comment