മാര്‍ച്ച് 31 ഡോക്യുമെന്റ് സ്വാതന്ത്ര്യ ദിനമായി ആചരിക്കുകയാണു്. എന്താണീ ഡോക്യുമെന്റ് സ്വാതന്ത്ര്യം, എന്താണതിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.
പണ്ടുകാലത്തു് കേരളത്തിലെ ഔദ്യോഗിക രേഖകളെല്ലാം മലയാളത്തിലായിരുന്നല്ലോ. കടലാസു് ഉപയോഗിച്ചു് തുടങ്ങുന്നതിനു് മുമ്പു് ഓലയില്‍ നാരായം ഉപയോഗിച്ചു് എഴുതിയിരുന്നു. അക്കാലത്തു് ഉപയോഗിച്ചിരുന്ന അക്ഷരങ്ങള്‍ പലതും ഇന്നെഴുതുന്ന രീതിയിലായിരുന്നില്ല. പിന്നീടു് കടലാസും മഷിയും ഉപയോഗിച്ചു തുടങ്ങി. അക്കാലത്തെ രേഖകള്‍ കടലാസില്‍ ആയതുകൊണ്ടു തന്നെ ഓലയിലെഴുതിയ രേഖകള്‍ പോലെ വളരെക്കാലം നില നില്‍ക്കുന്നതല്ലായിരുന്നു. മാത്രമല്ല മഷികൊണ്ടു് എഴുതിയതു് ക്രമേണ മാഞ്ഞു പോകുകയും ചെയ്യും. ടൈപ്പ് റൈറ്റര്‍ എന്ന യന്ത്രം വന്നതോടുകൂടി ഈ പ്രശ്നത്തിനു് ഒരല്പം ആശ്വാസമായി. എന്നാല്‍ ടൈപ്പ് ചെയ്തെടുക്കുന്ന രേഖകളിലെ വാക്കുകള്‍ വായിക്കുന്നതു് ബുദ്ധിമുട്ടായിരുന്നു. കാരണം മലയാളത്തിലെ എല്ലാ അക്ഷരരൂപങ്ങളും ടൈപ്പ് റൈറ്ററില്‍ ലഭ്യമല്ലായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി മലയാള ലിപിയില്‍ത്തന്നെ മാറ്റം വരുത്തുകയുണ്ടായി.
രേഖകളുണ്ടാക്കാനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണു് കമ്പ്യൂട്ടര്‍. അമേരിക്കയിലാണു് ആധുനിക കമ്പ്യൂട്ടര്‍ ഉത്ഭവിച്ചതു് എന്നതുകൊണ്ടു് ഇംഗ്ലിഷും അതുപോലത്തെ ലിപി ഉപയോഗിക്കുന്ന ചില യൂറോപ്യന്‍ ഭാഷകളുമാണു് കമ്പ്യൂട്ടറില്‍ തനതായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നതു്. മലയാളമുള്‍പ്പെടെയുള്ള മറ്റനേകം ഭാഷകളില്‍ രേഖകളുണ്ടാക്കുന്നതിനു് ഒരു വിദ്യ ഉപയോഗിച്ചിരുന്നു. അക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മറ്റും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഫോണ്ട് അഥവാ ലിപിസഞ്ചയത്തില്‍ മലയാളം അകഷരങ്ങള്‍ ഉപയോഗിക്കുക എന്നതായിരുന്നു വിദ്യ. അടിസ്ഥാനപരമായി കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതു് ഇംഗ്ലീഷ് ഭാഷ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഇതിനു് പല പരിമിതികളുണ്ടു്. പിന്നീടു് ലോകത്തിലെ എല്ലാ ഭാഷകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന യൂണിക്കോഡ് എന്ന സംവിധാനം വന്നപ്പോഴാണു് മലയാളവും കമ്പ്യൂട്ടറില്‍ തനതായി ഉപയോഗിക്കാനായതു്.
ഇന്നു് വലിയ ശതമാനം കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നതു് മൈക്രോസോഫ്റ്റ് കമ്പനിയുടെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണു്. സര്‍ക്കാര്‍ തലത്തില്‍ തന്നെ സ്വതന്ത്ര സോഫ്റ്റ്വെയര് പ്രോത്സാഹിപ്പിക്കുന്ന കേരളത്തില്‍ പോലും സ്ഥിതി ഏതാണ്ടു് അങ്ങനെ തന്നെയാണു്, മാറി വരുന്നുണ്ടെങ്കിലും. പ്രധാനമായി വാക്കുകളടങ്ങിയ രേഖകള്‍, അതായതു് ടെക്സ്റ്റ് ഡോക്യുമെന്റുകള്‍, ഉണ്ടാക്കാന്‍ വിന്‍ഡോസില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള് (പ്രയോഗങ്ങള്‍) എല്ലാം സ്വതന്ത്രമല്ലാത്തവയാണു്, കമ്പനികള്‍ നിര്‍മ്മിച്ചു് കച്ചവടം ചെയ്യുന്നവയാണു്. അവയിലോരോന്നും അതില്‍ നിര്‍മ്മിക്കുന്ന രേഖകള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതു് (സേവ് ചെയ്യുന്നതു്) അതിന്റെ സ്വന്തം രീതിയിലാണു് \dash\ അതായതു് അതിന്റേതായ രഹസ്യ ഫോര്‍മാറ്റിലാണു്. ഇതു് അല്പം വിശദീകരിക്കാം.
കമ്പ്യൂട്ടറില്‍ എല്ലാ വിവരങ്ങളും (പ്രോഗ്രാമുകളും രേഖകളും) സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും രണ്ടക്ഷരമുള്ള ഒരു ഭാഷയിലാണല്ലോ. 0, 1 എന്നീ അക്കങ്ങളാണു് ഈ രണ്ടക്ഷരങ്ങളെ സൂചിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കാറുള്ളതു്. മനുഷ്യര്‍ക്കു് വായിക്കാനാവുന്ന ഭാഷയില്‍നിന്നു് കമ്പ്യൂട്ടറിനു് മനസിലാകുന്ന ഈ (ബൈനറി) ഭാഷയിലേക്കു് മാറ്റി എഴുതുമ്പോള്‍ അതിനു് എന്തു് രീതി വേണമെങ്കിലും ഉപയോഗിക്കാം. ഇംഗ്ലീഷ് ഭാഷയിലെ അക്ഷരങ്ങള്‍ മാത്രമാണു് സൂക്ഷിക്കേണ്ടതെങ്കില്‍ അതിനു് സാധാരണ ഉപയോഗിക്കുന്നതു് ആസ്ക്കി (ASCII) എന്ന രീതിയാണു്. എല്ലാ ഭാഷകളും ഉപയോഗിക്കാനാകുന്ന രീതിയാണു് യൂണിക്കോഡ്. പല രേഖകളിലും അക്ഷരങ്ങള്‍ കൂടാതെ കടലാസിന്റെ വലുപ്പം, അക്ഷരങ്ങളുടെ വലുപ്പം, വരികള്‍ തമ്മിലുള്ള അകലം എന്നിങ്ങനെ പല വിവരങ്ങളും അധികമായി സൂക്ഷിക്കേണ്ടി വരും. ഇതിനായി പ്രത്യേക കോഡുകളും രേഖയോടൊപ്പം ഉണ്ടാവണം. ഇതെല്ലാം സൂക്ഷിക്കുന്ന രീതി തീരുമാനിക്കുന്നതു് രേഖയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണു്. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്വെയറുകളുടെ കാര്യത്തില്‍ ഇതു് നിര്‍ണ്ണയിക്കുന്നതു് സോഫ്റ്റ്വെയര് നിര്‍മ്മിച്ച കമ്പനിയാണു്. അതു് മിക്കപ്പോഴും രഹസ്യവുമാണു്.
മേല്പറഞ്ഞ കാര്യങ്ങളുടെ ഫലമായി സ്വതന്ത്രമല്ലാത്ത പ്രയോഗങ്ങളുപയോഗിച്ചു് നിര്‍മ്മിക്കുന്ന രേഖകള്‍ കൃത്യമായി തുറന്നു കാണണമെങ്കില്‍ അവ നിര്‍മ്മിക്കാനുപയോഗിച്ച പ്രയോഗങ്ങള്‍ തന്നെ വേണമെന്നു വരുന്നു. ചിലപ്പോള്‍ മറ്റു ചില പ്രയോഗങ്ങളിലും അവ തുറന്നു കാണാനായി എന്നു വരാം; പക്ഷെ അപ്പോള്‍ നാം കാണുന്നതു് നിര്‍മ്മിച്ചയാള്‍ ഉദ്ദേശിച്ച തരത്തില്‍ തന്നെ ആവണമെന്നില്ല. ഉദാഹരണമായി, മൈക്രോസോഫ്റ്റ് വേഡ് എന്ന പ്രയോഗത്തില്‍ നിര്‍മ്മിച്ച ഒരു രേഖ വേഡ് പെര്‍ഫെക്ട് എന്ന പ്രയോഗത്തില്‍ തുറക്കാനായി എന്നു വരാം. പക്ഷെ രേഖ മാറ്റമൊന്നും കൂടാതെയാണു് കാണുന്നതു് എന്നു് ഉറപ്പാക്കാനാവില്ല. പലപ്പോഴും ഒരു പ്രയോഗത്തില്‍ നിര്‍മ്മിച്ചതു് മറ്റൊന്നില്‍ തുറക്കാനേ ആവില്ല. അങ്ങനെ വരുമ്പോള്‍ നമ്മള് ഒരു കമ്പനിയുടെ സോഫ്റ്റ്വെയര് തന്നെ ഉപയോഗിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. അതായതു്, നമ്മള് ആ കമ്പനിയുടെ ആശ്രിതരാകുന്നു.
എന്നാല്‍ ഇങ്ങനെ ആവേണ്ട കാര്യമില്ല. അതിനു് രേഖകള്‍ സൂക്ഷിക്കുന്ന രീതി തുറന്നതായാല്‍ മതി. അതായതു്, രേഖകള്‍ സൂക്ഷിക്കാനുപയോഗിക്കുന്ന രീതി എന്താണു് എന്നു് ആര്‍ക്കും മനസിലാക്കാനുള്ള മാര്‍ഗമുണ്ടായാല്‍ മതി. ഇതു് മറ്റൊരു ഉദാഹരണം കൊണ്ടു് വിശദീകരിക്കാന്‍ ശ്രമിക്കട്ടെ. ഒരു സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ പരസ്പരം സന്ദേശങ്ങളയക്കുമ്പോള്‍, വിശേഷിച്ചു് യുദ്ധകാലത്തു്, സാധാരണ ഭാഷയാവില്ല ഉപയോഗിക്കുന്നതു്. കാരണം ശത്രുസൈന്യത്തിനു് സന്ദേശം പിടിച്ചെടുക്കാനായാല്‍ പോലും അവര്‍ക്കു് മനസിലാക്കാന്‍ കഴിയരുതു്. അതിനു് ഒരു രഹസ്യ ഭാഷയാവും ഉപയോഗിക്കുക. ആ ഭാഷ അറിയാത്തവര്‍ക്കു് അതു് വായിക്കാനാവില്ലല്ലോ. അതുപോലെ ഒരു പ്രയോഗം അതുണ്ടാക്കുന്ന രേഖകള്‍ സൂക്ഷിക്കാനുപയോഗിക്കുന്ന രീതി അറിയാതെ ആ രേഖകള്‍ തുറക്കാനാകുന്ന മറ്റൊരു പ്രയോഗം (ആപ്ലിക്കേഷല്‍) നിര്‍മ്മിക്കാനും ആവില്ലല്ലോ. ആലോചിച്ചു നോക്കൂ, പണ്ടുകാലത്തു് സര്‍ക്കാര്‍ രേഖകള്‍ ഒരു രഹസ്യ ഭാഷയിലാണു് എഴുതിയിരുന്നതെങ്കില്‍ ഇന്നവ നമുക്കു് വായിച്ചു മനസിലാക്കാന്‍ ആവുമായിരുന്നില്ലല്ലോ.
രേഖകളെല്ലാം കമ്പ്യൂട്ടറില്‍ നിര്‍മ്മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഇക്കാലത്തു് ഇതു് പ്രശ്നമാകാം. വളരെക്കാലം സൂക്ഷിക്കേണ്ട രേഖകള്‍ നിര്‍മ്മിക്കുമ്പോള്‍ സുതാര്യമായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ പിന്നീടു് അവ വായിക്കാനായി എന്നു വരില്ല. അതിനു് വഴിയുണ്ടു താനും. രേഖകള്‍ സൂക്ഷിക്കാന്‍ സുതാര്യമായ ഫോര്മാറ്റുകളുണ്ടു്. വെറും ആസ്ക്കി, അഡോബിന്റെ പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ് (പി.ഡി.എഫ്), മൈക്രോസോഫ്റ്റിന്റെ റിച്ച് ടെക്സ്റ്റ് ഫോര്‍മാറ്റ്, തുടങ്ങി പലതുമുണ്ടു്. എന്നാല്‍ മാനദണ്ഡങ്ങള്‍ സൂക്ഷിക്കുന്ന സാര്‍വ്വദേശീയ സംഘടന (International Standards Organisation, ISO) അംഗീകരിച്ച തുറന്നതും സ്വതന്ത്രവുമായ മാനദണ്ഡമാണു് ഓപ്പണ്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ് (ODF). ഈ രീതിയില്‍ രേഖകള്‍ സൂക്ഷിക്കുന്ന ഒരു പ്രയോഗമാണു് സ്വതന്ത്ര സോഫ്റ്റ്വെയറായ ഓപ്പണ്‍ ഓഫീസ്. എന്നാല്‍ സുതാര്യമായതിനാല്‍ ഈ രീതിയില്‍ രേഖകള്‍ സൂക്ഷിക്കാനും അത്തരം രേഖകള്‍ കൃത്യമായി തുറക്കാനും കഴിയുന്ന പ്രയോഗങ്ങള്‍ ആര്‍ക്കും നിര്‍മ്മിക്കാവുന്നതാണു്. ഇത്തരം സുതാര്യതയാണു് ഇന്റര്‍നെറ്റ് വഴി ആശയങ്ങള്‍ കൈമാറുന്നതു് സാധ്യമാക്കിയതു് എന്നോര്‍ക്കുക. വെബ് പേജുകളിലിടുന്ന വിവരങ്ങള്‍ രഹസ്യ ഫോര്‍മാറ്റുകളിലായിരുന്നു എങ്കില്‍ എത്രയോ കുറച്ചു പേര്‍ക്കു മാത്രമെ ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ!
മുകളില്‍ സൂചിപ്പിച്ചതുപോലെ സര്‍ക്കാര്‍ രേഖകളുടെ കാര്യത്തില്‍ ഈ സുതാര്യത അത്യാവശ്യമാണു്, വിശേഷിച്ചു് സര്‍ക്കാരുകളുടെ നടത്തിപ്പിലും പൊതുജനവുമായുള്ള ഇടപാടുകളിലും വര്‍ദ്ധിച്ചുവരുന്ന തോതില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു വരുന്ന ഇക്കാലത്തു്. ഇന്നുണ്ടാക്കുന്ന രേഖകള്‍ പത്തോ ഇരുപതോ അമ്പതോ വര്‍ഷത്തിനു ശേഷവും തുറന്നു കാണാന്‍ കഴിയണം എന്നതു് നിര്‍ബ്ബന്ധമാണു്. ഒരു കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഫോര്‍മാറ്റിലാണു് രേഖകള്‍ സൂക്ഷിക്കുന്നതെങ്കില്‍ ഇതു് സാധ്യമാവണമെന്നില്ല. നമുക്കാവശ്യം വരുമ്പോള്‍ ആ കമ്പനി ഉണ്ടാവണമെന്നില്ല. ഉണ്ടെങ്കില്‍ തന്നെ അന്നത്തെ ആഗോള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ നമ്മോടു് സഹകരിക്കണമെന്നുമില്ല. എന്തായാലും ഏതോ ഒരു കമ്പനിയുടെ നിയന്ത്രണത്തിലാവരുതല്ലോ നമ്മുടെ പ്രധാനപ്പെട്ട രേഖകള്‍.
രേഖകളുടെ സ്വാതന്ത്ര്യം എന്ന ആശയം പ്രചരിപ്പിക്കുന്നതിനാണു് ഡോക്യുമെന്റ് സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതു്. ഇന്ത്യയില്‍ ഇപ്പോള്‍ ഇതിനു് വിശേഷിച്ചൊരു പ്രസക്തിയുണ്ടു്. ഇ ഗവേണന്സിനു് ഉപയോഗിക്കേണ്ട മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു \mbox{വരികയാണു്.} തുറന്ന, സുതാര്യമായ, ഫോര്‍മാറ്റുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതി എന്നതായിരുന്നു നയത്തിന്റെ കരടുരേഖയില്‍ അടുത്ത കാലം വരെ പറഞ്ഞിരുന്നതു്. വിദഗ്ദ്ധരും പൊതുജന സംഘടനകളും മറ്റുമായി ചര്‍ച്ച നടത്തിയായിരുന്നു അതു് തീരുമാനിച്ചിരുന്നതു്. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നതായി കാണുന്നു. ഉടമസ്ഥാവകാശമുള്ള രഹസ്യമായ ഫോര്‍മാറ്റുകളും ആവാം എന്നായിരിക്കുന്നു ഇപ്പോഴത്തെ നിലപാടു്. ഇതു് ദീര്‍ഘകാലത്തെ കാഴ്ചപ്പാടില്‍ നമ്മുടെ രാജ്യത്തിനു് തീര്‍ച്ചയായും നല്ലതല്ല. രഹസ്യമായി കൊണ്ടുവന്ന ഈ മാറ്റം ഉപേക്ഷിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതു് അത്യാവശ്യമാണു്.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
1 comment:
Post a Comment